Tuesday, July 3, 2012






കാലമിനിയും ഉരുളും........
 





 "അമ്മേ ".....കിങ്ങിണിക്കുട്ടി ഓടി വന്നു അമ്മയുടെ കണ്ണുകള്‍ പൊത്തി .   
"അമ്മേടെ പോന്നുമോളിങ്ങുവാ ........" അവളെ വാരിയെടുത്തു ഉമ്മ വെച്ചു .
"ടാ  കിങ്ങിണിക്കുട്ടാ ..."അമ്മ അവളുടെ കുഞ്ഞുവയറില്‍ കുറെ ഉമ്മ വെച്ചു .അവള്‍ കുടു കുടെ ചിരിച്ചു.
"മതി അമ്മേ കിങ്ങിണിച്ചു വയ്യാണ്ടായി "... ചിരിച്ചു ചിരിച്ചു അവള്‍ക്കു മിണ്ടാന്‍ പറ്റുന്നില്ല...അമ്മയ്ക്കും
..........................................................................................................................................................
 "കാപ്പി .. കാപ്പി ............."          ശബ്ദം കേട്ട്  മീര കണ്ണ് തുറന്നു...
 ഉറങ്ങിപ്പോയതറിഞ്ഞില്ല . .ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടുണ്ട്.

 "കാപ്പി വാങ്ങിക്കട്ടെ?  ഒന്നും കഴിച്ചിട്ടില്ലല്ലോ ....? "ഭര്‍ത്താവിന്റെ ദയനീയ ചോദ്യം കേട്ട് മീര             അയാളെ നോക്കി.അയാളും ഒന്നും കഴിച്ചിട്ടില്ല.
 "ഉം .. കുടിക്കാം.."          അയാള്‍ക്ക്‌ വേണ്ടി അവള്‍ ചായ കുടിച്ചു...
         
 "കിടക്കണോ ?   കുറച്ചു നേരം ഒന്ന് കിടക്ക്‌ . "അയാളുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാളുടെ മടിയില്‍ തല വെച്ചു അവള്‍ കിടന്നു. ക്ഷീണം ശരീരത്തിനെയും മനസ്സിനേയും ആഴത്തില്‍ ബാധിച്ചതു കൊണ്ടാവാം  താനേ കണ്ണുകള്‍ അടഞ്ഞു  .. മയക്കത്തിലേക്കു വീണു.
..........................................................................................................................................................

 "അമ്മ എണീക്ക് .. ഞാന്‍ കിടക്കട്ടെ.  എനിക്ക് കിടക്കണം അച്ഛന്റെ മടിയില്‍..."
 അവള്‍ ചിണുങ്ങി.
"ഇല്ലാട്ടോ , ഇന്ന് അമ്മ കിടന്നോട്ടെ , പാവം"  .  പേപ്പര്‍ വായിച്ചു കൊണ്ട് അച്ഛന്‍ പറഞ്ഞു ..കുഞ്ഞിപാവാട എത്തിച്ചു പിടിച്ചു അവള്‍ മുഖം മറച്ചു മാറി നിന്നു .
"അമ്മയോട് മിണ്ടില്ല !!!, അച്ഛനോടും  "
"അച്ഛന്റെ മോളല്ലേ  ടാ ..."                                                                                                      
"അമ്മേടെ മോളല്ലേ..."       അമ്മേം വിട്ടു കൊടുത്തില്ല.
"അച്ഛന്റേം അമ്മേടേം പോന്നു മോളാ . " അവള്‍ കൊഞ്ചി പറഞ്ഞു.
അവള്‍ ഓടി വന്നു .
"ഈ അച്ഛനാ കുറുമ്പന്‍ " ...കുഞ്ഞിക്കൈ കൊണ്ട്  അവള്‍ അച്ഛനൊരു അടി കൊടുത്തു...
"നീ അത്രക്കായോ " അച്ഛന്‍ അവളെ ഇക്കിളിയാക്കാന്‍ തുടങ്ങി..     ചിരിച്ചു ചിരിച്ചു പെട്ടെന്ന് അവള്‍ കട്ടിലില്‍ നിന്നും താഴേക്ക്‌ ...
"അയ്യോ മോളേ ..."
.......................................................................................................................................................

 കരഞ്ഞു കൊണ്ട്  മീര ഞെട്ടിയുണര്‍ന്നു..
 "എന്തേ ? എന്ത് പറ്റി ? " അയാള്‍.
"ഹരിയേട്ടാ ...നമ്മുടെ മോള് .... " അവള്‍ എണീക്കാന്‍ ശ്രമിച്ചു .
അയാള്‍ അവളെ അവിടെത്തന്നെ പിടിച്ചു കിടത്തി.
കവിളില്‍ മെല്ലെ തലോടി. അവള്‍ അയാളുടെ കൈ മുറുകെ പിടിച്ചു. കണ്ണുനീരിന്റെ ചൂട് കൊണ്ട് അയാളുടെ കൈ പൊള്ളി. അയാളും അവളുടെ കയ്യില്‍ ഒന്ന് മുറുക്കെ പിടിച്ചു.
"ഞാനില്ലേ കൂടെ..." അയാള്‍ പറയാതെ പറഞ്ഞു.

അപ്പോഴാണ്‌ തൊട്ടു മുന്നിലെ സീറ്റില്‍ പുതിയ യാത്രക്കാരെ കണ്ടത്.   മീര  എണീറ്റു .
കമ്പിയില്‍ പിടിച്ചു ജനലിലൂടെ പുറത്തേക്കു നോക്കിയിരുന്നു.
       
"ആന്റിക്ക് ബിസ്കറ്റ്  വേണോ? " ഒരു പട്ടുപാവാടക്കാരി . അത് വാങ്ങി .
ആ കുട്ടി തിരിച്ചു പോയപ്പോള്‍ മീര  അയാളോട് പറഞ്ഞു.
"ആദ്യത്തെ പിറന്നാളിന്  നമ്മള്‍ മോള്‍ക്ക്  എടുത്ത പട്ടുപാവാട ഈ കളര്‍ ആയിരുന്നില്ലേ"...
അയാള്‍ മെല്ലെ ചിരിച്ചു.
"ഉം...  അതവള്‍ക്ക്‌ നല്ല ചേര്‍ച്ചയുണ്ടായിരുന്നു അല്ലേ .. "
"ഉം " അവളും ചിരിച്ചു.


മോള്  പത്താം ക്ലാസ്സ്‌ കഴിഞ്ഞ സമയത്തു ഒരു  പട്ടുപാവാട വാങ്ങി വന്നിട്ട്‌   ഹരി പറഞ്ഞത്  മീര ഓര്‍ത്തു : "മോള്‍ടെ ആദ്യത്തെ പിറന്നാളിനും ഈ കളര്‍ പട്ടുപാവാടയാ അച്ഛനും അമ്മയും വാങ്ങിയത്.... അമ്മക്ക് നല്ല ഇഷ്ടായിട്ടു വാങ്ങിയതായിരുന്നു .അച്ഛന്റെ സുന്ദരിക്കുട്ടിക്ക്  നല്ലോണം ഇണങ്ങും ഇത്." ഹരിക്ക്  മോളെ പട്ടുപാവാട ഇട്ടു കാണുന്നതായിരുന്നു ഇഷ്ടം.. 

 അവള്‍ ചിരിച്ചു കൊണ്ട് അച്ഛനൊരുമ്മ കൊടുത്തു... "ഇനി വാങ്ങുമ്പോ അച്ഛനിഷ്ടപ്പെട്ട കളര്‍ വാങ്ങിയാ മതി ട്ടോ."

അവള്‍ എപ്പോഴും അച്ഛനെയും അമ്മയെയും ചുറ്റി പറ്റി ഇങ്ങനെ നടക്കുന്നത്  മീര ഓര്‍ത്തു.. .. അച്ഛനും അമ്മയും ...അതായിരുന്നു  അവളുടെ ലോകം .



മീര  ആ ദിവസം ഓര്‍ത്തു.. പ്ലസ്‌  ടു റിസള്‍ട്ട്‌ അറിഞ്ഞ  ദിവസം .. അവള്‍ പറഞ്ഞ പോലെ അച്ഛന്‍  അച്ഛനിഷ്ടപ്പെട്ട കളറിലുള്ള  പാവാട വാങ്ങി വന്നു ...
"മോളേ .........." ഹരി വിളിച്ചു.
മറുപടിയില്ല.
"ഇങ്ങോട്ട് വന്നു ഒന്ന് നോക്കെടാ ... " .ഹരി  വീണ്ടും വിളിച്ചു.

" എന്താണെന്ന് വെച്ചാല്‍ പറഞ്ഞൂടെ...,ഞാനിത്തിരി തിരക്കിലാ." അവള്‍ ദേഷ്യത്തില്‍ പറഞ്ഞു.
laptop കിട്ടിയതിനു ശേഷം അവള്‍ക്ക് തിരക്കായി പോയത് അവര്‍ ഓര്‍ത്തില്ല .
അവര്‍ പരസ്പരം നോക്കി.
അയാള്‍ കണ്ണിറുക്കി."അവള്‍ വന്നു നോക്കിക്കോളും .അവള്‍ക്കിഷ്ടാവും. അച്ഛനിഷ്ടപ്പെട്ടത്‌  വാങ്ങാന്‍ പറഞ്ഞിരുന്നു എന്നോട് " ..
അയാള്‍ മെല്ലെ മുറിയിലേക്ക് പോയി.

പിന്നെടെപ്പോഴാണ്  അവള്‍ തനിയെ കിടന്നുറങ്ങാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്...? അത്
ആ മൊബൈല്‍ വാങ്ങി കൊടുത്തതിനു ശേഷമായിരുന്നില്ലേ..?
രാത്രി വൈകുമ്പോഴേക്കും അമ്മയുടെ മടിയില്‍ ഉറക്കം തൂങ്ങി വീണിരുന്ന മകളുടെ രാത്രികളിലെ ഉറക്കം നഷ്ടപ്പെടുന്നത് ഈ അമ്മ അറിഞ്ഞിരുന്നു...
എന്തെങ്കിലും ചോദിക്കുമ്പോഴേക്കും കടിച്ചു കീറാന്‍ വന്നിരുന്ന അവളുടെ , ബാഗ്ലൂരില്‍
എഞ്ചിനീയറിംഗ് നു ചേരണമെന്ന ആവശ്യത്തിനു മുന്നിലും അവര്‍ക്ക്  തോറ്റു കൊടുക്കേണ്ടി വന്നു.
...........................................................................................................................................................
                ഹരി  ആ പത്രം വീണ്ടും വീണ്ടും വായിക്കുകയായിരുന്നു.മീര അയാളെ നോക്കി.
"ഇല്ല ഹരിയേട്ടാ ..  നിസ്സാര പരിക്ക്  എന്നല്ലേ പത്രത്തില്‍... കാര്യമുണ്ടാവില്ല."
ഇത്രയും നേരം അവളെ സമാധാനിപ്പിക്കാന്‍ അയാള്‍ പറഞ്ഞ വാക്കുകള്‍ അവള്‍ അയാളോട് പറഞ്ഞു.ബാംഗ്ലൂര്‍ ലെ വാഹനാപകടത്തിന്റെ പത്ര വാര്‍ത്ത പേപ്പറിലുണ്ട്.
സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ നിന്നും ടൂര്‍ പോയതാണത്രെ .2 പേര്‍ മരിച്ചിട്ടുണ്ട് .പരിക്ക് പറ്റിയവരുടെ കൂട്ടത്തിലാ തങ്ങളുടെ പോന്നോമാനയുടെ പേര് കണ്ടത്.
ഫോണില്‍ വിളിച്ചിട്ട് കിട്ടാതെയായിട്ടു കുറച്ചു നാളായിരുന്നു....

2 മാസം മുന്‍പ് നാട്ടില്‍ വന്നു മടങ്ങുമ്പോള്‍ അവള്‍ തങ്ങളോടു യാത്ര പറഞ്ഞിരുന്നതായി അവള്‍ ഓര്‍ത്തു. മകള്‍ ഇറങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു..."നീ കേട്ടിരുന്നോ.. അവള്‍ നേരത്തെ എന്നെ അച്ഛാ ന്നു വിളിച്ചു." മീര  അയാളെ നോക്കി ... രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞു.
                             അവളുടെ കല്യാണം ... അത് അവരുടെ സ്വപ്നമായിരുന്നു. അച്ഛനും അമ്മയും നോക്കി വെക്കുന്നുണ്ടെന്നു അവളോട്‌ പറഞ്ഞിരുന്നു.അതിനിടയില്‍ കണ്ട പത്ര വാര്‍ത്ത.അതാണ്‌ ഈ യാത്രക്ക് തുടക്കം .
..................................................................................................................................................................

         ബാംഗ്ലൂര്‍ അവര്‍ക്ക് തീര്‍ത്തും അന്യമായിരുന്നു .അവള്‍ അയാളുടെ കൈ മുറുകെ പിടിച്ചു കൊണ്ട് നടന്നു .കമ്പനിയില്‍ ചെന്നപ്പോള്‍ തന്നെ ശരത്  എന്ന ഒരു മലയാളി എഞ്ചിനീയറെ കണ്ടുമുട്ടി .അയാള്‍ നല്ലൊരു മനുഷ്യനായിരുന്നു.നല്ല പരിചയ ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു .അവരുടെ ദയനീയത കണ്ടു അയാള്‍ പറഞ്ഞു.  " ഇല്ല അങ്കിള്‍ ...മിനുവിനു കാര്യായിട്ടൊന്നും പറ്റിയിട്ടില്ല .വിഷമിക്കാനൊന്നും ഇല്ല.നിങ്ങള്‍ തിരിച്ചു പൊക്കോളൂ .. "
"ഇല്ല... മകളെ കണ്ടേ മടങ്ങുന്നുള്ളൂ ".
ഉറപ്പിച്ചു പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.
" ok ,ഞാന്‍ കൊണ്ട് പോകാം. .. പിന്നെ വീട്ടിലറിയിക്കാതെ കല്യാണം നടത്തിയതിന്റെ വിഷമമുണ്ട് അവള്‍ക്കു.അങ്ങനൊക്കെ സംഭവിച്ചു പോയി.ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.നിങ്ങള്‍ക്കും ഒരു ഷോക്ക്‌ ആവണ്ടല്ലോ.അതുകൊണ്ടാ ഞാന്‍ ഇപ്പോള്‍ തന്നെ പറഞ്ഞത്.വരൂ ... " അയാള്‍ നടന്നു.


                അവര്‍ രണ്ടു  പേരും പരസ്പരം നോക്കാതെ നടന്നു .അയാള്‍ക്ക്  പെട്ടെന്ന്  കാലിടറി.അവള്‍ അയാളെ താങ്ങി... ... ...
.............................................................................................................................................................
കോളിംഗ്  ബെല്‍ അടിച്ചപ്പോള്‍ ഒരാള്‍ വാതില്‍ തുറന്നു.സോഫയില്‍ അഞ്ചു ആറു പേര്‍ ഇരിക്കുന്നുണ്ട്.നല്ല അട്ടഹാസവും ബഹളവും...
          അടുത്തിട്ടിരിക്കുന്ന കട്ടിലില്‍ കാലില്‍ plaster  ഇട്ടു തലയിലൊരു കെട്ടുമായി..... അവള്‍ അച്ഛനെയും അമ്മയെയും അമ്പരപ്പോടെ നോക്കി.മീര മകള്‍ക്കരികിലേക്ക് ഓടി ചെന്നു .അവളെ മാറോട് ചേര്‍ത്ത് പൊട്ടി പൊട്ടി കരഞ്ഞു.   "നമുക്ക് നമ്മുടെ വീട്ടില്‍ പോകാം മോളെ....അമ്മേടെ പോന്നുമോളല്ലേ "
 
അയാള്‍ ചുമരില്‍ ചാരി നിന്നു .
ചുറ്റും നിന്നവരില്‍ ഒരു പുച്ഛഭാവം പ്രകടമായിരുന്നു...
" എന്തിനാ നിങ്ങള്‍ ഇപ്പൊ ഇങ്ങോട്ട് വന്നെ...? നിങ്ങള്‍ വിഷമിക്കേണ്ട. എനിക്കൊന്നും പറ്റിയിട്ടില്ല.അമ്മ കരയല്ലേ ... ഞാനിപ്പോ എങ്ങോട്ടും വരുന്നില്ല. i 'm alright .. " .
ചെറുതായൊന്നു കൈ മുരിയുമ്പോഴേക്കും ചിണുങ്ങി കരഞ്ഞു കൊണ്ട് തന്റെ പിറകെ നടന്നിരുന്ന ആ ഇക്കിളികുട്ടിയെ അയാളോര്‍ത്തു...
 മകള്‍ അച്ഛനെയൊന്നു നോക്കി.
അയാള്‍ മെല്ലെ അവളുടെ അടുത്ത് ചെന്നു .അവളുടെ കൈ പിടിച്ചു.
അവള്‍ വിളിച്ചു... "അച്ഛാ..."
"അച്ഛനും അമ്മയും പോട്ടെ മോളെ..."  അയാളുടെ ശബ്ദം ഇടറി... മകളുടെ തലയിലൊന്നു തഴുകി അയാള്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ചു തിരിഞ്ഞു നടന്നു.....
Railway സ്റ്റേഷനിലേക്ക് പോകുമ്പോള്‍ അവള്‍ അയാളോട് ചോദിച്ചു...
"അതില്‍ ആരാ.....?    അതില്‍ ഏതാ   നമ്മുടെ മോളുടെ    ...?? "
"അറിയില്ല .. "ഇടറിയ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.
..............................................................
"നിങ്ങളെവിടുന്നാ? " അടുത്ത സീറ്റില്‍ ഇരുന്ന ഒരു ഭാര്യയും ഭര്‍ത്താവും  അയാളോട് ചോദിച്ചു..
അയാള്‍ മറുപടി പറയുന്നുണ്ട്.
"എത്ര മക്കളാ?"
"ഒരു മകള്‍" അയാള്‍ പറഞ്ഞു.
 "ഞങ്ങള്‍ക്ക് മക്കളില്ല...ഒരുപാട് ചികിത്സിച്ചു ... ഉണ്ടാവില്ല എന്ന് doctors വിധി എഴുതി...." സങ്കടത്തോടെ അവര്‍ പറഞ്ഞു.

അയാള്‍ അവരെ അസൂയയോടെ നോക്കുന്നത്  മീര ശ്രദ്ധിച്ചു.
ജനലിലൂടെ പുറത്തേക്കു നോക്കിയിരുന്നു അവള്‍ മയങ്ങിപ്പോയി....
.........................................................................................................................................................
 "അമ്മേ  ഒരുമ്മ തന്നേ ..."
എവിടെയാ ഉമ്മ വേണ്ടേ അമ്മേടെ കുഞ്ഞുമോന്?
 "ദാ ഇവിടെ  ..."അവള്‍ കുഞ്ഞികവിള്‍  കാണിച്ചു
"ഇനി ഇവിടെ... "കുഞ്ഞികൈ കാണിച്ചു കൊഞ്ചി  കിങ്ങിണിക്കുട്ടി .
 ആ കുഞ്ഞികൈ പിടിച്ചു  അമ്മ ഒരുപാട് ഉമ്മ കൊടുത്തു.
അവള്‍ അമ്മയുടെ കഴുത്തില്‍ ചുറ്റി പിടിച്ചു....

"കിങ്ങിണീടെ അമ്മച്ച്  ചക്കരയുമ്മ " അമ്മേടെ കവിളില്‍ ഉമ്മ വെച്ച് അമ്മയെ ഒന്ന് നോക്കിയിട്ട്  അവള്‍ തിരിഞ്ഞ് നടന്നു ...പിന്നെ തിരിഞ്ഞു നോക്കാതെ ഓടി....
"മോളേ .........". അവള്‍ നിന്നില്ല. "അമ്മേടെ പൊന്നുമോളേ.........".അവള്‍ വിളി കേട്ടില്ല.
 ദൂരേക്ക്‌ ഓടിഓടിയകന്നു .

 ............................................................................................................................

മീര ഞെട്ടിയുണര്‍ന്നു....
എത്ര ശ്രമിച്ചിട്ടും കിലുങ്ങി കിലുങ്ങിയുള്ള കിങ്ങിണിക്കുട്ടിയുടെ ചിരി അവള്‍ക്കു ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല...                                                                                                     
ആ മുഖം ...
ആ കുഞ്ഞി കൈകള്‍ ... ഒന്നും ഓര്‍ത്തെടുക്കാന്‍ മീരക്ക് കഴിഞ്ഞില്ല...

ഒരു കുഞ്ഞു കുപ്പിവള കിലുക്കം...... അതു മാത്രം മനസ്സില്‍ ...  എവിടെയോ ................

1 comment:

  1. കഥ പറയണ രീതി നന്നായീട്ടോ.. ഇങ്ങനേം കുട്ടികള്‍ :(

    ReplyDelete