പരീക്ഷ ഡ്യൂട്ടി
പക്ഷെ ഉറങ്ങാന്‍ പറ്റില്ല .ഞാന്‍ ഇപ്പോള്‍ പരീക്ഷ ഡ്യൂട്ടിയിലാണ് .സമയം 10 .30 ..പരീക്ഷ കഴിയാന്‍ ഇനിയും നീണ്ട 2 മണിക്കൂര്‍ ബാക്കി. 3 മണിക്കൂറിന്റെ പരീക്ഷയാണ്. ഇപ്പൊ പുതിയ പരിഷ്കാരം വരുത്തിയതു കൊണ്ട് ഓടി നടന്നു paper കൊടുക്കേണ്ട. ഒരു booklet കൊടുത്താല്‍ പിന്നെ അവരായി , അവരുടെ പാടായി. വല്ലാതെ മടുക്കും.നേരം പോകാനായി ഞാന്‍ ഓരോരുത്തരുടെയും ഹാള്‍ ടിക്കറ്റ് എടുത്തു നോക്കി. ഇപ്പോള്‍ പ്രിന്റ് ഔട്ട് എടുക്കുന്ന ഹാള്‍ ടിക്കറ്റ് ആണ്.ഓരോരുത്തരുടെയും ഫോട്ടോസ് നോക്കി നടന്നു.ആരെയും തിരിച്ചറിയാന്‍ പറ്റുന്നില്ല. അത് കണ്ടപ്പോള്‍ പണ്ട് തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ പോയത് ഓര്‍മ വന്നു.അതിലെ തിരിച്ചറിയാനാവാത്ത ഫോട്ടോ ഓര്‍ത്തപ്പോ ചിരി വന്നു.
തിരിഞ്ഞു നോക്കിയപ്പോ അതാ ഒരു ചമ്മിയ ചിരി.ചന്ദന കുറിയിട്ട ഒരു കാക്ക കറുമ്പന്‍. അവന്റെ വിചാരം അവന്‍ കഷ്ടപ്പെട്ട് അടുത്ത പേപ്പറില്‍ എത്തി നോക്കിയത് കണ്ടിട്ടാ ഞാന്‍ ചിരിച്ചത് എന്നായിരുന്നു. ഓ.. എന്തായാലും അവനെയൊന്നു കണ്ണുരുട്ടി നോക്കി .അവന്‍ ചമ്മി തല കുനിച്ചു.
girls നന്നായി പഠിച്ചിട്ടുണ്ടെന്നു തോന്നുന്നു. പേപ്പറില്‍ കമിഴ്ന്നു കിടന്നു എഴുതുകയാണ് ഭൂരിഭാഗവും.അത് കണ്ട് കണ്ണ് മഞ്ഞളിച്ച് സമയം പോകാന്‍ കഷ്ടപ്പെടുന്ന boys പിന്നിലുണ്ട്.ഞാന്‍ വെറുതെ നടന്നു.എനിക്ക് മടുത്തു തുടങ്ങി.ഇനി ഒരാഴ്ച ഈ എക്സാം ഡ്യൂട്ടി തന്നെ.3മണിക്കൂര്‍ വെറുതെയുള്ള ഈ നില്പ് അസഹനീയം തന്നെ.ഇരിക്കാന്‍ ഒരു ചെയര്‍ ഇട്ടുകൂടെ ഇവര്‍ക്ക്? ഡ്യൂട്ടിയിലുള്ള teachers ഇരിക്കാന്‍ പാടില്ലത്രേ .principal ന്റെ മുഖം ഓര്‍ത്തപ്പോ കലി വന്നു.ദേഷ്യത്തോടെ നോക്കിയത് വീണ്ടും അവന്റെ മുഖത്ത്.ഇത്തവണ അവന്‍ ശരിക്കും ഞെട്ടി. ഏന്തി വലിഞ്ഞു കഷ്ടപ്പെട്ടത് വെറുതെയായ ഒരു നെടുവീര്‍പ്പ്. തൊട്ടു മുന്നിലെ ബെഞ്ചില്‍ നിന്നും അതിനേക്കാള്‍ സങ്കടത്തിലുള്ള ഒരു നെടുവീര്‍പ്പ് .........ഞാന്‍ അങ്ങോട്ട് നോക്കി. ഒരു സുന്ദരിക്കുട്ടി. ഓഹോ , അവള്‍ പേപ്പര്‍ നീക്കി വെച്ചിരിക്കുകയാണ് കൂട്ടുകാരന് നോക്കിയെഴുതാന്‍.ഞാന്‍ അവള്‍ക്കു നേരെ തിരിഞ്ഞു.തുറിച്ചു നോക്കി.അവളും തല കുനിച്ചു.വീണ്ടും തല ഉയര്‍ത്തി എന്നെയൊന്നു കൂടി നോക്കി.വെളുത്ത് തുടുത്തിരിക്കുന്ന മുഖത്ത് ഒരു ക്ഷീണം.ഉറക്കമിളച്ചു പഠിച്ചതിന്റെയാവാം.അവള്‍ വീണ്ടും എഴുതാന്‍ തുടങ്ങി.ഞാന്‍ ജനലിന്റെ അടുത്ത് പോയി നിന്നു.പുറത്തേക്കു നോക്കുമ്പോള്‍ നല്ല ഭംഗിയുള്ള ഒരു മല കാണാം.ഇതാണോ പെരുമല? നല്ല കാറ്റ്.എനിക്കിഷ്ടപ്പെട്ടു.എന്നാലും സമയം ഇഴഞ്ഞു തന്നെ നീങ്ങിക്കൊണ്ടിരുന്നു.വീണ്ടും എല്ലാവരെയും ഒന്ന് കണ്ണോടിച്ചു. ആഹാ ..ഇപ്പോള്‍ അവള്‍ പേപ്പര്‍ ഉയര്‍ത്തി പിടിച്ചിരിക്കുകയാണ്..എഴുതിയ ഉത്തരങ്ങള്‍ വായിച്ചു നോക്കുകയാണെന്ന ഭാവം.അവനു പരമ സുഖം.ഏന്തി വലിഞ്ഞു നോക്കേണ്ട.വായുവില്‍ നിന്നു ഉത്തരങ്ങള്‍ കിട്ടുന്നു.എഴുതുന്നു.സൂപ്പര്‍ ഐഡിയ !!പ്രകൃതി സൌന്ദര്യം ആസ്വദിച്ചു ഞാന്‍ നിന്നത് 10 മിനിറ്റ്.അത്രേം സമയം കിട്ടിക്കാണും അവന്.അത്ര മതി.ഇനി മോന്‍ എഴുതേണ്ട.ഞാന്‍ അവരുടെ അടുത്തേക്ക് ചെന്ന് തൊട്ടടുത്ത ബെഞ്ചില്‍ ഇരുന്നു.
അവളുടെ കൈ വിറച്ചു. paper താണു...അവനു ഇപ്പൊ വായുവില്‍ നിന്നും ഒന്നും കിട്ടുന്നില്ല.ശൂന്യത മാത്രം.അവന്‍ ഡസ്കില്‍ തല വെച്ചു കിടന്നു.അവളുടെ വെളുത്ത മുഖം ചുവന്നോ? ഒരു വിഷാദ ഭാവം.ഓ.. ഇത് അത് തന്നെ...എനിക്ക് ചിരി വന്നു.അവള്‍ ആ ഇരിപ്പ് തുടര്‍ന്നു.
ഈ പെണ്‍കുട്ടിക്ക് പഠിച്ചിട്ടുണ്ടെങ്കില്‍ എന്തെങ്കിലും എഴുതിക്കൂടെ ? അവനെ പാസ് ആക്കിയെ അടങ്ങൂ? അവളുടെ ഒരു പ്രേമം.....വേറെ ആരെയും കിട്ടിയില്ലേ.. അവനെ കണ്ടാല്‍ അറിയാം, ലവലേശം വിവരമില്ല.
അപ്പോഴാണ് കുഞ്ഞമ്മ ചേച്ചി വന്നത്.പ്യൂണ്‍ ആണ്.additional sheet തരാന്‍ വന്നതാണ്.ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു.കുറെ നാളായി കണ്ടിട്ട്.വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചു കുറച്ചു നേരം "കത്തി" വെച്ച് നിന്നു.അപ്പോഴാ ശ്രദ്ധിച്ചത്...അതാ അവിടെ കഥ തുടരുന്നു.ഇങ്ങനെ പോയാല്‍ 8 semester പരീക്ഷ കഴിയുമ്പോഴേക്കും ഇവന് കോങ്കണ്ണ് വരുമല്ലോ.ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു.അവന്റെ ഹാള്‍ ടിക്കറ്റ് പിടിച്ചു വാങ്ങി.രജിസ്റ്റര്‍ നമ്പര്‍ കുറിച്ചെടുത്തു. അവന്‍ ഒന്ന് കൂടി കറുത്തിരുണ്ടു. ഞാന്‍ അവളുടെ ഹാള്‍ ടിക്കറ്റ് വാങ്ങി.രജിസ്റ്റര്‍ നമ്പര്‍ കുറിച്ചെടുത്തു.അവള്‍ വീണ്ടും ചുകന്നു. ഇപ്പൊ കാണിച്ചു തരാം എന്നാ ഭാവത്തില്‍ ഞാന്‍ രണ്ടിനെയും ഒന്ന് നോക്കി.ഇത്തവണ രണ്ടും ഒന്ന് വിറച്ചു.അവന്‍ വീണ്ടും കിടപ്പിലായി.വിറകൈകളോടെ അവള്‍ എഴുതാന്‍ തുടങ്ങി.അവന്‍ പാസ് ആവില്ലല്ലോ എന്നാ അവള്‍ടെ വിഷമം.കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ അവനെയൊന്നു തിരിഞ്ഞു നോക്കി, കിടക്കുന്ന ആള്‍ എങ്ങനെ കണ്ടോ ആവോ. telepathy ആയിരിക്കാം,അവന്‍ മുഖമുയര്‍ത്തി. ഒരു നോട്ടത്തിലൂടെ അവളെ സമാധാനിപ്പിച്ചു.അവളോടു എഴുതാന്‍ ആംഗ്യം കാണിച്ചു.
എനിക്ക് പെട്ടെന്ന് എന്തോ പാവം തോന്നി അവനോട് .എന്താണെന്നറിയില്ല , ദേഷ്യമൊക്കെ പോയ പോലെ.. ഇനി വെറും 15 മിനിറ്റ്.ഞാന്‍ ജനലിന്റെ അടുത്തേക്കു ചെന്നു.പെരുമലയില്‍ നിന്നും വരുന്ന തണുത്ത കാറ്റ് ...നല്ല സുഖം.ഞാന്‍ പുറത്തേക്കു നോക്കി നിന്നു. പ്രകൃതി സൌന്ദര്യത്തില്‍ മുഴുകി നിന്നു.
ഉടനെ തന്നെ കിടപ്പിലായ അവനു സൌഖ്യം കിട്ടി.അവന്‍ ഉയര്‍ത്തെഴുന്നേറ്റു. അവളുടെ പേപ്പര്‍ വീണ്ടും മേല്പ്പോട്ട്. അവര്‍ ഇടയ്ക്കിടെ പേടിച്ചു പേടിച്ചു എന്നെ നോക്കി.എന്ത് കൊണ്ടോ ഞാന്‍ പ്രകൃതി സൌന്ദര്യം കൂടുതലായി ആസ്വദിച്ചു.
ബെല്‍ അടിച്ചു.ഓരോരുത്തരായി പേപ്പര്‍ വെച്ച് പുറത്തേക്ക് പോയി.കൂടെ സന്തോഷത്തോടെ ഇവര്‍ രണ്ടു പേര്‍.ഞാന്‍ അവരെ നോക്കി നിന്നു.3മണിക്കൂര്‍ കൊണ്ട് അവര്‍ എന്റെ ആരോ ആയതു പോലെ.അവന്‍ പാസ് ആകുമായിരിക്കും.മുഖം കണ്ടാല്‍ അറിയാം.ആയാലും ഇല്ലെങ്കിലും ഇന്നത്തെ ദിവസം അവര്‍ മറക്കില്ല.കുറെ കാലങ്ങള്‍ക്ക് ശേഷം പരീക്ഷയെ കുറിച്ചൊക്കെ ഓര്‍ക്കുമ്പോള്‍ ഒന്നിച്ചിരുന്നോ (അങ്ങനെ സംഭവിക്കട്ടെ) , ഒറ്റക്ക് ഒറ്റക്ക് ഇരുന്നോ അവര്‍ ഓര്‍ക്കും അവര്‍ ഒന്നിച്ചു എഴുതിയ ഈ പരീക്ഷ... ആ കൂട്ടത്തില്‍ എന്നെയും ഓര്‍ക്കുമോ ...
ഓര്‍ക്കുമായിരിക്കും അവര്‍ വിഡ്ഢിയാക്കിയ ഈ ടീച്ചറെ...
